loader

 Marian Message

ജീവിതമരുഭൂമിയില്‍ അനുഗ്രഹ മഴ പെയ്തില്ലേലും: ഹൃദയത്തില്‍ ദൈവസാന്നിധ്യം ഉണ്ടാകും; കള്ളിമുള്‍ ചെടിയിലെ ജലംപോലെ

അപ്രതീക്ഷിതമായതു ദൈവത്തില്‍ നിന്നു നാം അനുഭവിക്കുമ്പോഴോ, ദൈവത്തെ അനുദിനജീവിതത്തില്‍ അനുഭവപ്പെടാതിരിക്കുന്ന ആത്മീയ വരള്‍ച്ചാക്കാലത്തെയോ ആണ് ദൈവത്തിന്‍റെ  അപ്രത്യക്ഷീകരണ സമയങ്ങള്‍ എന്ന് വിവരിക്കാവുന്നത്. ഇത്തരം മരുഭൂമി അനുഭവകാലത്ത്, ചുരുക്കിപ്പറഞ്ഞാല്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാതെ, അഥവാ പ്രാര്‍ത്ഥിക്കാന്‍ പോലുമോ സാധിക്കാതെ ഒരു അനുഗ്രഹവും അനുഭവപ്പെടാത്ത ഈ ആത്മീയ വരള്‍ച്ചാക്കാലത്ത്, ദൈവം ബാഹ്യമായി ഒരു പ്രകാരത്തിലും അനുഭവവേദ്യനല്ലെങ്കിലും നമ്മുടെ ഹൃദയത്തില്‍ ദൈവം ഉണ്ടായിരിക്കും എന്നത് ഒരു അനുഭവ സത്യമാണ്. മരുഭൂമിയില്‍ മഴ പെയ്തിരുന്ന കാലത്ത് ലഭിച്ചിരുന്ന ജലം ഇലകളിലും തണ്ടുകളിലും ശേഖരിച്ചു സൂക്ഷിച്ചുവെയ്ക്കുന്ന മരുഭൂമിയിലെ കള്ളിമുള്‍ചെടിയെപ്പോലെയാണ് നമ്മുടെ ഹൃദയം. ദൈവം എവിടെയും അനുഭവപ്പെട്ടില്ലെങ്കിലും നമ്മുടെ ഹൃദയത്തില്‍ നിശബ്ദനായി അവിടുന്ന് ഉണ്ടായിരിക്കും. അതുകൊണ്ടാണ് ദൈവത്തെ പ്രത്യക്ഷത്തില്‍ അനുഭവപ്പെടാതിരുന്ന തിരുപ്പിറവി രാത്രിയിലും, 12-ാം വയസിലും ഈശോയെ കാണാതെ പോയി, കണ്ടുകിട്ടുമ്പോള്‍  ڇനിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്ڈ അഥവാ ഇനി എന്നെ തെരുവില്‍ അന്വേഷിക്കേണ്ടാത്ത കാലം വരുന്നു. തന്‍റെ സ്വര്‍ഗ്ഗീയ അപ്പായുടെ കാര്യത്തില്‍ വ്യഗ്രതയുള്ളവനായിരിക്കേണ്ടവനാണ് ഈശോ എന്നുമുള്ള  കരളുപിളര്‍ത്തുന്ന സത്യം അംഗീകരിക്കേണ്ടിവന്ന മൂഹൂര്‍ത്തത്തിലും മറിയം ചെയ്ത ഒരേ ഒരു കാര്യം ലൂക്കാ സുവിശേഷകന്‍ പറയുന്നത് ശ്രദ്ധിക്കുക. അതെ മറിയം എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു, അതേ ക്കുറിച്ച് ഗാഢമായി ധ്യാനിച്ചുകൊണ്ടിരുന്നു എന്ന്.(ലൂക്ക:2:19,2:52)ദൈവത്തിന്‍റെ അപ്രത്യക്ഷീകരണത്തിന്‍റെ ഈ സമയത്തു ദൈവം ഉള്‍വലിയുന്നത് മറ്റ് ഒരിടത്തേക്കുമല്ല, മറിച്ച് ആ സാന്നിദ്ധ്യം ഉള്‍വലിഞ്ഞ് നിലനില്‍ക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്. മരുഭൂമിയില്‍ മഴയില്ലാക്കാലത്തും ജലം സംഭരിച്ചു വെയ്ക്കുന്ന കള്ളിമുള്‍ച്ചെടിയുടെ ഇലപോലെയാണ് നമ്മുടെ ഹൃദയം. ദൈവത്തിന്‍റെ  ഈ അപ്രത്യക്ഷീകരണ കാലത്ത് ദൈവസാന്നിദ്ധ്യം കൃപയുടെ രൂപത്തില്‍ സംഭരിച്ചുവെയ്ക്കുന്നത് ഹൃദയമാണ്. അതിനാല്‍ തന്‍റെ മരുഭൂ അനുഭവങ്ങളില്‍ അമ്മ ഹൃദയത്തില്‍ അന്തര്‍യാമി ആയിരിക്കുന്ന ദൈവസാന്നിദ്ധ്യത്തിലേക്കു തന്‍റെ സങ്കടങ്ങളെ സംഗ്രഹിച്ചു അതിന്‍റെ ധ്യാനപൊരുള്‍ തേടുന്നത് നമുക്ക് നല്‍കുന്ന ഉത്തേജനം കുറച്ചൊന്നുമല്ല. ഇങ്ങനെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നത് എന്തിനു വേണ്ടിയാണ്. ഒറ്റ ഉത്തരം. ക്ഷമയോടെ ഫലം പുറപ്പെടുവിക്കുവാന്‍ തന്നെ(ലൂക്ക:8:15)സഹനകാലത്ത് വിശ്വാസി പ്രകടിപ്പിക്കുന്ന പ്രത്യാശയാണ് ക്ഷമ. ഈ ക്ഷമ തന്നെ രണ്ടുവിധമുണ്ട്. ഹ്രസ്വ ക്ഷമയും ദീര്‍ഘ ക്ഷമയും. 

    ഈശോയോടുള്ള സ്നേഹത്തെ പ്രതി നമ്മള്‍ ഏറ്റെടുക്കുന്ന സഹനം ചേര്‍ക്കുമ്പോള്‍ ക്രിസ്തുസാക്ഷ്യ പുണ്യമാകുന്ന സൗമ്യത ലഭിക്കും. ഈ സൗമ്യത രൂപപ്പെട്ടുവരണമെങ്കില്‍ അതിനുള്ള സാഹചര്യവും അവസരവും സംഭവവും ജീവിതത്തില്‍ ഉണ്ടാവണം. പരിശുദ്ധ അമ്മയെ തന്നെ ഉദാഹരണമായി എടുക്കാം. അമ്മയുടെ പ്രസവം സ്വര്‍ഗ്ഗീയ അപ്പായ്ക്ക് വേണമെങ്കില്‍ നല്ല കണ്ണും പകലും ഉണ്ടായിരുന്നപ്പോള്‍ വെയ്ക്കാമായിരുന്നില്ലേ എന്ന് ഞാന്‍ പലപ്പോഴും മനസ്സില്‍ വിചാരിച്ചിട്ടുണ്ട്. എങ്കില്‍ പാതിരാവായപ്പോള്‍ പ്രത്യേകം കൂട്ടിച്ചേര്‍ക്കപ്പെട്ട കുറെ കഷ്ടാരിഷ്ടതകള്‍ എക്സ്ട്രാ സഹിക്കുന്നത് പിതാവിന് ഒഴിവാക്കികൊടുക്കാമായിരുന്നു. ദൈവപിതാവ് തന്‍റെ മകള്‍ക്ക് ഒരു ഔദാര്യവും ആശ്വാസം പോലും ചെയ്തുകൊടുത്തില്ല എന്നു മാത്രമല്ല, ഒരു സ്ത്രീയുടെ കടിഞ്ഞൂല്‍ പ്രസവത്തില്‍ സാധാരണ മനുഷ്യന്‍മാര്‍ പോലും വകവെച്ചു കൊടുക്കുന്ന അപ്രഖ്യാപിത അവകാശമായ സ്വന്തം പെറ്റമ്മയുടെ സാന്നിദ്ധ്യം പോലും നിഷേധിച്ചു. ഞാന്‍ പറഞ്ഞുവരുന്നത്, അപ്പാ വിചാരിച്ചിരുന്നെങ്കില്‍ ക്വിരേനസ്സസ് സീസറിന്‍റെ കനേഷുമാരി നീട്ടിയോ, മാറ്റിയോ വയ്ക്കുകയോ ആവാമായിരുന്നു. നിറവയറും വലിച്ചോണ്ടുള്ള അമ്മയുടെ യാത്ര ഒഴിവാക്കി സുരക്ഷിതമായ രീതിയില്‍ ദൈവത്തിന് എന്തും ചെയ്തും അമ്മയെ ആശ്വസിപ്പിക്കാമായിരുന്നു.

    അപ്പോള്‍ ഒരു കാര്യം ഈ റഫ് ആന്‍റ് ടഫ് ഇടപെടല്‍ ഒക്കെ ഒഴിവാക്കി അമ്മയുടെ ജീവിതം വളരെ എളുപ്പമാക്കി നല്‍കിയിരുന്നെങ്കില്‍ കുരുശിന്‍റെ ചുവട്ടില്‍ എത്തുമ്പോഴേയ്ക്കും അമ്മ ഒന്നും താങ്ങുവാനുള്ള കെല്പ് ഇല്ലാതെ തലചുറ്റി വീഴുമായിരുന്നു. എന്നാല്‍ പിന്നെ ഈശോയ്ക്ക്  തന്‍റെ അന്ത്യ വചനങ്ങളില്‍ അതിപ്രധാനമായ ڇ ഇതാ നിന്‍റെ അമ്മڈ എന്ന് പറഞ്ഞ് അമ്മയെ സഭയ്ക്കും സഭയ്ക്ക് അമ്മയേയും ഏല്പിക്കാന്‍ പറ്റാതെ വന്നേനെ. കാരണം തറയില്‍ ബോധം കെട്ടുകിടക്കുന്ന അമ്മയെ ഈശോ പറഞ്ഞ് യോഹന്നാനെ ഏല്പിച്ചാലും അമ്മ അത് കേള്‍ക്കാത്ത സ്ഥിതിക്ക് അത് ഒരു ഭംഗിവാക്കായി മാത്രം അമ്മ പിന്നീട് പറഞ്ഞ് കേള്‍ക്കുമായിരുന്നുള്ളൂ. കുരിശിന്‍റെ ചുവട്ടിലും അമ്മ തികഞ്ഞ സൗമ്യതയോടെ അല്ലെ നില്‍ക്കുന്നത്. അതെ. സഹിക്കുന്ന സ്നേഹവും പ്രത്യാശിക്കുന്ന സ്നേഹവും കൂടി കലര്‍ന്നുണ്ടാകുന്ന രക്ഷായുഗത്തിലെ ദൈവപൈതലിന്‍റെ സൗമ്യത. ഈ സൗമ്യത ഹൃദയത്തിലേയ്ക്ക് സംഗ്രഹിക്കുകയായിരുന്നില്ലെ അമ്മ. അതെ. ഹൃദയത്തിലേയ്ക്ക് സംഗ്രഹിക്കുക. അനാഥപെണ്ണിനെപ്പോലെ ഈശോയെ പെറ്റ, പാതിരാത്രിയും, ഈശോയെ നഷ്ടപ്പെട്ട് കണ്ടുകിട്ടിയ അവന്‍റെ പന്ത്രണ്ടാം വയസ്സിലും അമ്മ അനുഭവിച്ച അപരിഷ്കൃത തിക്താനുഭവങ്ങളെ ഗലാ.5:22 ലെ സ്നേഹമായി, സൗമ്യതയായി, ആത്മസംയമനമായി, ക്ഷമയായി, വിശ്വസ്തതയായി, അമ്മ ഹൃദയത്തിലേയ്ക്ക് സംഗ്രഹിച്ചു എന്നാണ് ലൂക്കാ. 2:19 ലൂടെയും 2:48 വിശുദ്ധ വചനങ്ങളിലൂടെ വിശുദ്ധ ലൂക്ക വ്യക്തമാക്കുന്നത്. 
 

End
 share