വിശ്വാസക്കാറ്റ് ഊതിനിറയ്ക്കാം. അക്ഷരവചനങ്ങളെ അനുഭവവചനങ്ങളാക്കി ആത്മശക്തി കരേറ്റാം
അക്ഷരവചനത്തില് നമ്മള് വിശ്വസിക്കുമ്പോള്‍ അനുഭവ വചനം ഉണ്ടാകുന്നു. അത് ബലൂണില്‍ കാറ്റുനിറയും പോലെയാണ്. കാറ്റുനിറക്കുമ്പോഴാണ് ബലൂണ്‍ നമുക്ക് പ്രയോജനപ്പെടുന്നത്. അതുപോലെ വചനത്തില്‍ വിശ്വസിക്കുമ്പോഴാണ് വചനം നമുക്ക് പ്രയോജനപ്പെടുന്നത്. അവര്‍ കേട്ട വചനം അവര്‍ക്ക് പ്രയോജനപ്പെട്ടില്ല. കാരണം അവര്‍ അതില്‍ വിശ്വസിച്ചില്ല.(ഹെബ്ര:4:2)കര്‍ത്താവ് അരുള്‍ച്ചെയ്ത വചനങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച നീ ഭാഗ്യവതി(ലൂക്ക:1:45)കര്‍ത്താവ് അരുള്‍ച്ചെയ്ത വചനങ്ങള്‍(അക്ഷരവചനങ്ങള്)നിറവേറുമെന്ന് പരിശുദ്ധ അമ്മയെപോലെ നമ്മള് എപ്പോള്‍ വിശ്വസിക്കുന്നുവോ, അപ്പോള്‍ത്തന്നെയാണ് വചനം നമുക്ക് പ്രയോജനപ്പെടുന്നത്. കര്‍ത്താവിന്റെ വചനം അത് കേള്‍ക്കുമ്പോള്‍ത്തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അതു പ്രയോജനപ്പെടും എന്നതിന്റെ തെളിവാണ് പരിശുദ്ധ അമ്മ. മംഗളവാര്‍ത്തയ്ക്ക് ഉത്തരമായി അമ്മ ദൈവദൂതനോട് ചോദിച്ചു. ഇത് എങ്ങനെ സംഭവിക്കും. എപ്പോള്‍ സംഭവിക്കും?. അപ്പോള്‍ മാലാഖ പറഞ്ഞു. പരിശുദ്ധാത്മാവ് നിന്റെമേല്‍ എഴുന്നുള്ളും. അപ്പോള്‍ സംഭവിക്കും. അമ്മ പറഞ്ഞു. ഇതാ കര്‍ത്താവിന്റെ ദാസി, നീ പറഞ്ഞതുപോലെ എന്നില്‍ നിറവേറട്ടെ(ലൂക്ക:1:28:35)അല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ ഇത് എപ്പോള്‍ സംഭവിക്കും. അതായത് ഈ വചനം എപ്പോള്‍ എനിക്കു പ്രയോജനപ്പെടും എന്ന അമ്മയുടെ ചോദ്യത്തിന് പരിശുദ്ധാത്മാവ് എലിസബത്തിലൂടെ മറുപടി പറഞ്ഞു. മറിയം ആ വചനത്തില്‍ വിശ്വസിച്ച അതേ നിമിഷം തന്നെ മറിയം ഗര്‍ഭവതിയായി തീര്‍ന്നു അഥവാ കര്‍ത്താവ് അരുള്‍ച്ചെയ്ത വചനത്തിന് മറിയം, ഇതാ കര്‍ത്താവിന്റെ ദാസി എന്നുപറഞ്ഞ് വിശ്വാസം പ്രഖ്യാപിച്ച അതേക്ഷണം മറിയം കര്‍ത്താവിന്റെ അമ്മയായി മാറി എന്ന് സൂചിപ്പിക്കാനാണ്, മറിയം പോലും അറിയാതെ ആ സത്യം പരിശുദ്ധാത്മാവ് എലിസബത്തിലൂടെ വെളിപ്പെടുത്തിയത്. അതെ,എലിസബത്ത് ഇങ്ങനെ മൊഴിഞ്ഞു. എന്റെ കര്‍ത്താവിന്റെ അമ്മ എന്നെക്കാണാന്‍, എനിക്കെങ്ങനെ യോഗ്യത. അതായത്, മറിയം ഗര്‍ഭവതിയാണെന്ന്, കര്‍ത്താവിന്റെ അമ്മ ആയിരിക്കുന്നു എന്നാണ് എലിസബത്ത് വെളിപ്പെടുത്തിയത്. എപ്പോള്‍? ആ വാഗ്ദാന വചനത്തില്‍ വിശ്വസിച്ച അതേ ക്ഷണത്തില്‍തന്നെ. അതായത് മറിയം-കര്‍ത്താവിന്റെ വാഗ്ദാന വചനത്തില്‍, ഒരു കൊല്ലം കഴിഞ്ഞാണ് വിശ്വസിച്ചിരുന്നതെങ്കില്‍ ഒരു കൊല്ലം കഴിഞ്ഞേ മറിയം ഗര്‍ഭവതി ആകുമായിരുന്നുള്ളൂ എന്ന് കരുതാം.