loader

 Marian Message

ദൈവക്കരുത്തിന്‍റെ കരം പിടിക്കാം

ഇടര്‍ച്ച. ഈശോയില്‍ പോലും ഇടറിയ അഥവാ അവിശ്വാസം തോന്നിയ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. സ്നാപകന്‍. അതെ സാക്ഷാല്‍ സ്നാപക യോഹന്നാന്‍ പോലും ഈശോയില്‍ ഇടറിയ ആളാണ് എന്ന് ഓര്‍ക്കണം. തന്‍റെ ജീവിതത്തിന്‍റെ ആദ്യപകുതിയില്‍ ഈശോനെ ഏറ്റവും കൂടുതല്‍ ഏറ്റു പറഞ്ഞിരുന്ന ആളായിരുന്നല്ലൊ സ്നാപകന്‍. അദ്ദേഹമാണ് ڇഇതാ ദൈവത്തിന്‍റെ കുഞ്ഞാട്ڈ എന്ന് പ്രഖ്യാപിച്ച്(യോഹ:1:29)ഈശോയെ ലോകത്തിന് പരിചയപ്പെടുത്തിയതും, പരിചയപ്പെടുത്തുക മാത്രമല്ല അവന്‍ വലുതാകണം ഞാന്‍ ചെറുതാകണം എന്ന് ഉദ്ഘോഷിച്ച് (യോഹ:3:30) ശക്തരായ തന്‍റെ രണ്ടു പ്രധാന ശിഷ്യന്മാരായ അന്ത്രയോസിനേയും യോഹന്നാനെയുംകൂടി ഈശോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പറഞ്ഞയച്ചവനാണ് സ്നാപകന്‍.(യോഹ:1:41) ഇതാണ് സ്നാപകയോഹന്നാന്‍റെ ക്രിസ്തുജീവിതത്തിന്‍റെ ആദ്യപകുതി. പക്ഷെ ദൈവത്തിന്‍റെ ഈ പ്രവാചകന്‍റെ ജീവിത ദൗത്യത്തിന്‍റെ രണ്ടാം പകുതി ആരംഭിക്കുന്നത് ആവട്ടെ ഹേറോദേസിന്‍റെ ജയിലിലാണ്. ജയിലില്‍ പക്ഷെ അദ്ദേഹം ഒറ്റപ്പെട്ടുപോയി. ശിഷ്യന്മാര്‍ കൂടെ ഇല്ല. ജനക്കൂട്ടത്തിന്‍റെ സ്നേഹവും സംരക്ഷണവും നഷ്ടപ്പെട്ട് സ്നാപകന്‍ ശരിക്കും ഒറ്റപ്പെട്ടുപോയി. ജയിലിലെ സ്ഥിരം അരിഷ്ടതകള്‍ ആയ ജീവിത ക്ളേശങ്ങള്‍, ഊണ്, ഉറക്കം, എല്ലാം താളം തെറ്റി. ക്ഷുദ്രജീവികളുടെ ശല്യവും അര്‍ധ പട്ടിണിയും എല്ലാംകൊണ്ടുള്ള സര്‍വ്വഥാ പൊറുതിമുട്ടിയ പ്രവാചകന് കൂനിന്മേല്‍ കുരു പോലെ ഈശോയുടെ ചില അപ്രതീക്ഷിത നടപടിയും, അതായത് പാപികളോടും, ചുങ്കക്കാരോടും, വേശ്യകളോടും ഉള്ള ഈശോയുടെ അമിതമായ കരുതല്‍. ഇതൊക്കെ സ്നാപകന് വലിയ വിശ്വാസ ഇടര്‍ച്ചയാണ് ഉണ്ടാക്കിയത്. കാരണം ഇങ്ങനെ ഉള്ള പാപികളെ  സമൂഹത്തിലെ പതിരായി കണ്ട്, ആ പതിരിനെ അവന്‍റെ കൈയ്യിലിരിക്കുന്ന വീശുമുറം കൊണ്ടു പാറ്റി (മത്താ:3:12) കതിരും പതിരും തിരിച്ച,് പതിരു കെടാത്തീയില്‍ കത്തിച്ചു കളയുമെന്നെല്ലാം കരുതിയ യോഹന്നാന്‍, പക്ഷെ കണ്ടതും കേട്ടതും മറിച്ചായിരുന്നു. ഇങ്ങനെ പതറിപ്പോയ യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ വിളിച്ച് ഈശോന്‍റെ അടുത്ത് പറഞ്ഞു വിട്ടത് ഒരു ചോദ്യവുമായാണ്. അതായത് വരാനിരിക്കുന്നവന്‍ നീ തന്നെയോ അതോ ഞങ്ങള്‍ മറ്റ് ആരെയെങ്കിലും പ്രതീക്ഷിക്കണമൊ?(മത്താ:11:13)എന്തൊരു സംഭ്രമജനകമായ വിശ്വാസ തകര്‍ച്ച. ഈശോയെ അടിക്കടി സംശയിച്ച് വിശ്വാസത്തിന്‍റെ അടിത്തറവരെ ഇളക്കി മറിച്ച്, വെള്ളിടി പോലെ ഈ ചോദ്യം നിന്നുഫലിച്ചു. ഈശോ തല്‍ക്കാലം അതിനുത്തരം പറഞ്ഞില്ല. പകരം തന്നില്‍ അവിശ്വസിച്ചവന്‍റെ വിശ്വാസ അന്ധത മാറ്റും വിധം അവന്‍ അവിടെ ഉണ്ടായിരുന്ന അന്ധന്മാര്‍ക്ക് അപ്പോള്‍ കാഴ്ച നല്‍കിക്കൊണ്ടിരുന്നു. വിശ്വാസം ഏറ്റുപറയാന്‍ ബധിരത ബാധിച്ചവന് വിടുതല്‍ നല്‍കാന്‍ അവന്‍ അപ്പോള്‍ ബധിരരെ സുഖപ്പെടുത്തിക്കൊണ്ടിരുന്നു.(മത്താ:11:5) പിന്നെ നിവര്‍ന്ന് അവന്‍ ഈ ദൈവിക സത്യം വെളിപ്പെടുത്തി. അന്ധന്മാര്‍ കാണുന്നു. ബധിരര്‍ കേള്‍ക്കുന്നു... എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍(മത്താ:11:6)അതിനര്‍ഥം എന്താണ്. സ്നാപകന്‍ എത്ര വലിയ പ്രവാചകനാണെങ്കിലും ഈശോയില്‍ അദ്ദേഹം ഇടറിപ്പോയി എന്ന നഗ്ന സത്യം ഈശോ വെളിപ്പെടുത്തുകയായിരുന്നില്ലെ?. അതെ, മഹാപ്രവാചകന്‍റെ പോലും അവസ്ഥ ഇതാണെങ്കില്‍ ഇടര്‍ച്ച എന്നു പറയുന്ന ആ വില്ലന്‍ ഒരു കാലം നമ്മുടെ വിശ്വാസ ജീവിതത്തിന് എതിരേയും വരാന്‍ പാടില്ലായ്കയുണ്ടോ?.

    പക്ഷെ സ്നാപക യോഹന്നാന് ലഭിക്കാതിരുന്ന ഒരു കരുത്ത് ഈശോ നമുക്ക് തന്നിട്ടുണ്ട്. അതെ അവിടുത്തെ അമ്മയെ തന്നെ. അക്ഷരാര്‍ത്ഥത്തില്‍ കുരിശില്‍ നഗ്നനായി ദൈവപുത്രന്‍ നിസ്സഹായനായി മരണത്തോട് മല്ലിടുമ്പോള്‍ ഈശോയില്‍ ഇടറാതെ അവിടുത്തെ അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവന്‍ ഇനി ഇതേ ജീവിതമുഹൂര്‍ത്തത്തില്‍ ഇടറിപ്പോകാന്‍ സാദ്ധ്യതയുള്ള വിശ്വാസ സമൂഹത്തോടായി പറഞ്ഞു. ഇതാ നിന്‍റെ (നിങ്ങളുടെ) അമ്മ. അമ്മേ പരിശുദ്ധ അമ്മേ കുരിശിന്‍റെ ചുവട്ടിലെ പരീക്ഷാഗ്നിയില്‍ പോലും പരീക്ഷീണിതനാവാതെ, വാടിവീഴാതെ നിന്ന ദൈവത്തിന്‍റെ കരുത്തേ, നിന്‍റെ ഈ ഇടര്‍ച്ചയില്ലായ്മയും നിര്‍ഭയത്വവും ഒട്ടൊന്നുമല്ല അമ്മേ ഞങ്ങളെ ശക്തിപ്പെടുത്തുന്നത്. അതെ, നഗ്നമായ ഒരു മരണക്കോലത്തിന്‍റെ താഴെ നീ നില്‍ക്കുമ്പോഴും, അന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിന്‍റെ 16-ാം വയസ്സില്‍ സ്വര്‍ഗ്ഗീയ അപ്പാ ദൂതനെ വിട്ട് നിന്നോടു പറഞ്ഞ വചനങ്ങള്‍, അതെ ڇയാക്കോബിന്‍റെ ഗോത്രത്തില്‍ അവന്‍ എന്നേക്കും രാജാവായിരിക്കും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ലڈ എന്ന് (മത്താ:2:38) അന്ന് അപ്പാ പറഞ്ഞത് നീ വിശ്വസിച്ചു. ആ വിശ്വാസത്തിന് പരിശുദ്ധാത്മാവും മുദ്രവെച്ച് എലിസബത്തിലൂടെ പറഞ്ഞതും, ഞങ്ങള്‍ അറിയുന്നു അമ്മേ. കര്‍ത്താവ് നിന്നോട് അരുള്‍ ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ ഭാഗ്യവതി(ലൂക്ക:1:45) അതെ, ഈശോ സ്നാപകയോഹന്നാന്‍റെ ഇടര്‍ച്ചയ്ക്ക് എതിരെ പറഞ്ഞതും അതല്ലേ അമ്മേ? എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാനെന്ന്(മത്താ:11:6)ആരാണ് അമ്മെ ഇടറാതെ നിന്നത്. ഞങ്ങളുടെ അമ്മയായ നീ മാത്രമല്ലേ. അതെ അമ്മേ ഈശോയില്‍ ആ അത്യാപത്ത് ഘട്ടത്തില്‍പ്പോലും ഇടറാതെ നിന്ന നീ തന്നെ ഭാഗ്യവതി. അതെ  എല്ലാ തലമുറകളും നിന്നെ ഭാഗ്യവതി എന്ന് വിളിക്കും എന്ന്(ലൂക്ക:1:48)ല്‍ അന്ന് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയതിന്‍റെ അര്‍ത്ഥവും ആഴവും ഇപ്പോള്‍ ഈ വിശ്വാസവെളിച്ചത്തില്‍ കൂടുതല്‍ കാണാറാവുന്നു അമ്മേ! ഭാഗ്യം, ഭാഗ്യവാന്‍, ഭാഗ്യവതി എന്നൊക്കെ ഈശോന്‍റെ വചനത്തില്‍ വെളിപ്പെടുത്തുന്നത് പ്രതിസന്ധികളില്‍ പതറാതെ പ്രാര്‍ത്ഥനയില്‍ പ്രത്യാശയോടെ കുരിശിനെ കൃപയാക്കുന്ന, പ്രശ്നങ്ങളെ പ്രസാദവരമാക്കുന്ന ദൈവിക പദ്ധതികളോട് വിശ്വാസത്തിന്‍റെ ചങ്കുറപ്പോടെ നിന്നെപ്പോലെ ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വചനം പോലെ എന്നില്‍ നിറവേറട്ടെ എന്ന് ഉദ്ഘോഷിക്കുന്ന ദൈവിക സമര്‍പ്പണം വഴി ക്രിസ്തുവിന്‍റെ പീഢകളില്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിച്ച്, അവന്‍റെ മഹത്വം വെളിപ്പെടുമ്പോള്‍ അത്യധികം ആഹ്ലാദിക്കുവാന്‍ (1 പത്രോസ് :4:13) വേണ്ടിയല്ലേ. അതെ ആത്മാഭിഷേകം പകരുന്ന ഇത്തരം അഗ്നി പരീക്ഷകളെ ജയിച്ച നിന്നെപ്പോലെ മഹത്വകിരീടം ചൂടാന്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ അമ്മേ. പരിശുദ്ധ മറിയമേ, ദൈവമാതാവേ ആമേന്‍. 

End
 share