പരി. അമ്മയുടെ രൗദ്രഭാവം
സൈന്യാധിപേ സ്വര്ഗ്ഗസൈന്യാധിപെ
മന്നില്‍ എന്റെ തേര് തെളിക്ക
പോരടിച്ചും ശത്രുവിനെ പേരെടുത്തുവിളിച്ച്
ക്രൂശുമരച്ചുവട്ടിലിന്നു തറയ്ക്കു.
പലപ്പോഴും നമ്മള് പരിശുദ്ധഅമ്മയുടെ ക്ഷമ, സൗമ്യത, ശാന്തത ഒക്കെയാണൂ അമ്മയുടെ മൗലിക ഗുണങ്ങളായിട്ട് ആഘോഷിക്കൂന്നത്. ഇതൊരൂ സത്യമാണെങ്കിലും പ്രായോഗിക പച്ചമനുഷ്യന് അവന്റെ ജീവിതത്തില്‍ നേരിടുന്ന ഭയങ്ങള്‍ അവനെ പ്രതിരോധത്തിലാക്കൂന്ന പ്രതിലോമശക്തികളുടെ കടന്നാക്രമണങ്ങള്‍, അതിനെയെല്ലാം പ്രതിരോധിക്കാന്‍ പരിശുദ്ധ അമ്മയില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മശക്തിയുടെ അടിസ്ഥാനം പരിശുദ്ധ വേദപുസ്തകത്തിലൂടെ കണ്ടെത്തിയാല്‍, ശരിക്കും മനൂഷ്യന്റെ സമഗ്രമായിട്ടുള്ള ആധ്യാത്മിക ആവശ്യങ്ങളുടെ ഒറ്റമൂലിയായ പരിശുദ്ധ അമ്മയെ അനുഭവിക്കാന്‍ കഴിയുമെന്നുള്ളത് എന്റെ വര്‍ഷങ്ങളായുള്ള മരിയന്‍ ധ്യാനത്തിന്റെയും മരിയന്‍ കൗണ്സലിങ്ങിന്റെയുമൊക്കെ ഒരനുഭവസത്യമാണ്. ഉദാഹരണത്തിന് പരി. അമ്മ ജനിക്കാനിടയായ സാഹചര്യം ഒരൂ വലിയ ശത്രുതയുടേയും ക്രോധത്തിന്റെയും മാനസിക തലത്തിലാണ് വിലയിരുത്തേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പരിശുദ്ധഅമ്മ, അപ്പായുടെ, പിതാവായ ദൈവത്തിന്റെ മാനസ പുത്രിയാണ്. അതാണ് ജപമാലയില്‍ പറയുന്നത് - "പിതാവായ ദൈവത്തിന്റെ മകളായിരിക്കൂന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യാന്‍ നിന്റെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ".
ആ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പലപ്പോഴും എനിക്ക് തോന്നിയിരി ക്കുന്നത് , "പിതാവായ ദൈവത്തിന്റെ മകളായിരിക്കൂന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളില്‍ 'ദൈവവിശ്വാസമെന്ന പുണ്യമുണ്ടാക്കുക" എന്ന് പ്രാര്‍ത്ഥിക്കുന്നത് ഒരു സാധാരണ വിഷയമാണ്. എന്നാല്‍ പരിശുദ്ധ അമ്മ പിതാവയ ദൈവത്തിന്റെ മകളായി ജനിക്കാന്‍ ഇടയാക്കിയ ഒരൂ മാനസിക സാഹചര്യമുണ്ട്. അത് ശത്രുതയുടെയും പ്രതികാരത്തിന്റെയും രൗദ്രഭാവത്തിന്റെതാണ്. അതായത് ഹവ്വായുടെ കാര്യം തന്നെ എടുക്കാം. ഹവ്വായോടു അപ്പാ എന്താണൂ പറഞ്ഞത്? ആദിമാതാപിതാക്കളോടു എന്താണൂ പറഞ്ഞത്? ദൈവം ഈ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചതിനൂ ശേഷമാണ് മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യന് ജീവിക്കാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം ഒരുക്കിയ ശേഷമാണ് ദൈവം മനൂഷ്യനെ സൃഷ്ടിക്കുന്നത്.
ഇപ്പോഴും അങ്ങനെ തന്നെയല്ലേ? ചില മാതാപിതാക്കന്മാരൊക്കെ മക്കള്‍ മാറിത്താമസിക്കൂന്നതിന് മുന്‍പ് വീട്, വെള്ളം, ഗ്യാസ് അങ്ങനെ എല്ലാ സാധനങ്ങളും ഒരുക്കിയ ശേഷമാണ് അവരെ അങ്ങോട്ട് മാറ്റിത്താമസിപ്പിക്കുന്നത്. അതുപോലെതന്നെ പ്രപഞ്ചത്തെ ദൈവം എല്ലാതരത്തിലും ഒരുക്കി അവര്‍ക്കു വേണ്ടതെല്ലാം സൃഷ്ടിച്ചതിനുശേഷമാണ് അവിടെ- ഭൂമിയാകുന്ന വലിയ പറുദീസയില്‍ കൊണ്ടുപോയി മനുഷ്യനെ താമസിപ്പിച്ചത്. എന്നിട്ട് അവിടുന്ന് ഒന്നേ പറഞ്ഞുള്ളൂ. ഞാനിതെല്ലാം സൃഷ്ടിച്ചിരിക്കൂന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്. ഞാന്‍ പോലും നിങ്ങള്‍ക്ക് വേണ്ടിയാണ്. അത്രയും ഞാന്‍ നിങ്ങളെ സ്നേഹിക്കൂന്നൂണ്ട്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതു പോലെ നിങ്ങളും എന്നെ സ്നേഹിക്കണം. സ്നേഹിക്കുന്നുണ്ടോ, സ്നേഹിക്കുമോ? എന്നൊക്കെ ദൈവത്തിന് അറിയാനുള്ള നമുക്ക് ആ സ്നേഹം തെളിയിക്കാനും ഉള്ള, മനുഷ്യന് തിരിച്ച് ആ സ്നേഹം, അവിടുത്തോട് ഉണ്ടെന്നറിയിക്കാനുമുള്ള ആവശ്യത്തിനാണ്, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കരുതെന്ന് കല്‍പ്പന പറഞ്ഞത്. ഫലം ഭക്ഷിക്കുകയോ ഭക്ഷിക്കാതിരിക്കുകയോ എന്നതിലുപരി കര്‍ത്താവിന്റെ വാക്ക് ആണ് പ്രധാനപ്പെട്ടത്. ഈശോ തന്നെ പറഞ്ഞില്ലേ- څഎന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പ്പന നിങ്ങള്‍ പാലിക്കുംچ - യോഹ: 14:15. വാക്ക്(കല്‍പ്പന) പ്രധാനപ്പെട്ട കാര്യമാണ്. ഇത്രയേ അപ്പാ പറഞ്ഞുള്ളൂ; എല്ലാം നിങ്ങള്‍ക്കുള്ളതാണ്. എന്തിന് ഈ ഞാന്‍ പോലും. പക്ഷേ ഒരൂ വാക്ക് മാത്രം- "തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുക പോലുമോ അരുത്" - ഉല്‍പ്പത്തി 3:3.
പക്ഷേ സുഖലോലുപത, ജഡാസക്തി എന്നൊക്കെ പറയുന്നതാണ് ജഡിക മനുഷ്യന്റെ നേച്ചര്‍ (പ്രകൃതി). അവന്റെ ബുദ്ധിയും വിശ്വാസവും ദൈവസ്നേഹവൂം കൊണ്ട് അവന് തന്റെ പ്രകൃതിയെ അതിലംഘിക്കേണ്ട തായിരുന്നു. ഹവ്വായുടെ വിശ്വാസം കൊണ്ടും ദൈവസ്നേഹം കൊണ്ടും ദൈവത്തിന്റെ വാക്ക് സംരക്ഷിക്കാന്‍ കഴിയാതെ, സാത്താന്റെ വാക്ക് ദൈവത്തിന്റെ വാക്കിനേക്കാള്‍ വിലയുള്ളതായി മനുഷ്യന് കണ്ടു. ജീവിതം മുഴുവനും മനൂഷ്യനു വേണ്ടി, പ്രപഞ്ചം മുഴുവനും മനൂഷ്യന് വേണ്ടി സൃഷ്ടിച്ച ദൈവത്തെ അനൂസരിക്കാതെ, എല്ലാം മനുഷ്യനു വേണ്ടി ക്രമീകരിച്ച ദൈവത്തെ, സാത്താന് വന്ന് പ്രലോഭനം പറഞ്ഞപ്പോള്‍ ഹവ്വാ അതില്‍ മൂക്ക് കൂത്തി വീണുപോയില്ലേ?. അത്രക്ക് ദൈവത്തെ അവര്‍ അപമാനിക്കുകയും അംഗീകരി ക്കാതിരിക്കുകയും ചെയ്തില്ലേ. മെച്ചമായിട്ടുള്ള എന്തെങ്കിലും കിട്ടിയാല്‍ڔദൈവത്തെ ഉപേക്ഷിക്കുകപോലും ചെയ്യുന്ന വളരെ ചപലമായ പെരുമാറ്റം. സര്‍പ്പം ചതിച്ചതാണ്. ഹവ്വായുടെ നിഷ്കളങ്കതയും ബുദ്ധി ശൂന്യതയും മുതലാക്കി പിശാച് തന്ത്രപൂര്‍വം ചതിച്ചതാണ്. ചതിച്ചതാണെന്ന് മനസ്സിലാക്കി അപ്പാ സാത്താ നോടു പറഞ്ഞു "നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും ഇടയില്‍ ശപിക്കപ്പെട്ട തായിരിക്കൂം. നീ മണ്ണില്‍ ഇഴഞ്ഞുനടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നൂം" ഉല്‍പ്പത്തി 3:14ലെ ശാപമാണിത്. എന്നിട്ട് പറഞ്ഞു, "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയുംڔതമ്മിലും ഞാന്‍ ശത്രുത ഉളവാക്കൂം. അവന് നിന്റെ തല തകര്‍ക്കൂം. നീ അവന്റെ കുതികാലില്‍ പരുക്കേല്‍പ്പിക്കും"-ഉല്‍പ്പത്തി 3:15.
ഈ വാക്കില്‍ സാത്താനൊടുള്ള പ്രതികാരമുണ്ട്. തന്റെ മക്കളെ തട്ടിയെടുത്ത സാത്താനോടുള്ള പ്രതികാരം. സാത്താനെതിരെ യുദ്ധം ചെയ്യാനൂള്ള രൗദ്രത ഉണ്ട്. അങ്ങനെ ദൈവക്രോധത്തില്‍ നിന്ന് സാത്താനോടു പ്രതികാരം ചെയ്യാനുള്ള അഭിവാജ്ഛയില് നിന്നാണ് അപ്പായുടെ മാനസപുത്രിയായി അമ്മ ജനിക്കുന്നത്. എനിക്ക് ഒരു മകള്‍ ജനിക്കും. അന്ന് അവള് നിന്റെ തല തകര്‍ക്കും എന്നാണ് നിനക്കും സ്ത്രീക്കും തമ്മില്‍ ശത്രുത ഉളവാക്കും എന്ന വചനത്തിന്റെ അര്‍ത്ഥം. അപ്പായുടെ രൗദ്രഭാവത്തിന്റെ, പ്രതികാരത്തിന്റെ കയ്യും കാലും വെച്ച രൂപമാണ് പരി.അമ്മ. പാമ്പിനെ ചവിട്ടി നില്‍ക്കുന്നത്, അമലോത്ഭവ മാതാവാണ്. പാപത്തെ ചവിട്ടി തകര്ത്തുനില്ക്കുന്ന-സാത്താന്റെ തല തകര്‍ത്തു നില്ക്കുന്ന രൗദ്രഭാവത്തിന്റെ ആളായ്മയാണ് അമലോല്ഭവമാതാവ്.
ഈ അമ്മയെ വെച്ചുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ 700 കൊല്ലം ജീവിച്ചത്. ഫാത്തിമ എന്ന് പറയുന്നത് ഒരൂ മുസ്ലീം വനിതയാണ്.. അവരുടെ പേരിലുള്ള രാജ്യമാണത്. മാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടു എന്ന് പറയുമ്പോള്‍ അത് സൗദി അറേബ്യയിലും മുസ്ലീം രാജ്യങ്ങളിലും ഉള്ള പേരല്ല, ഒരൂ ക്രിസ്ത്യന്‍ രാജ്യത്തുള്ള പേരാണ് ഫാത്തിമ. അവിടെ ക്രിസ്ത്യന്‍ രാജ്യമെങ്ങനെ മുസ്ലീം രാജ്യമായി എന്ന് ചോദിച്ചാല്‍ 700 കൊല്ലം ഓട്ടോമാന്‍ തുര്‍ക്കികള്‍ പോര്‍ച്ചുഗീസുകാരെ ഭരിച്ചതാണ്. 9-ാം നൂറ്റാണ്ടു മുതല്‍ 16-ാം നൂറ്റാണ്ടു വരെ ഭരിച്ചു. 700 കൊല്ലം മുസ്ലീങ്ങള്‍ അവിടെ ഇസ്ലാം പ്രചരിപ്പിച്ചെങ്കിലും കത്തോലിക്കാ വിശ്വാസത്തിന്റെ ചൈതന്യം കെടുത്താതെ അതിനെ ചെറുത്തുനിന്നത് ഈ അമലോത്ഭവമാതാവിലൂടെ അവര്‍ ആര്‍ജ്ജിച്ച ഭക്തിയും ശക്തിയുമാണ്. പാമ്പിന്റെ തലക്ക് ചവിട്ടി നിന്ന് വിശ്വാസം സംരക്ഷിച്ച അമലോല്‍ഭവ മാതാവിനെ നെഞ്ചിലേറ്റിയതാണ് പോര്‍ച്ചുഗീസ് ചരിത്രം എന്ന് പറയുന്നു. അതുകൊണ്ടാണ് വാസ്കോഡാ ഗാമയുടെ കപ്പലിന്റെ മുന്പില് മാതാവിന്റെ ചിത്രം(കൊത്തുരൂപം) വച്ചിരിക്കുന്നത്. വാസ്കോഡ ഗാമ ആ മാതാവിന്റെ ചിത്രം കൊത്തിവെച്ച് അണിയത്ത് ചേര്‍ത്തു വെച്ചാണ് തന്റെ ഈ കപ്പല്‍ യാത്രകള്‍ എല്ലാം നടത്തിയിരുന്നത്.
സാമൂതിരിയെ കാണാന്‍ വരുമ്പോള്‍ വാസ്കോഡാ ഗാമയുടെ നെഞ്ചില്‍ ഒരൂ സ്വര്‍ണ്ണ ഫലകമുണ്ടായിരൂന്നൂ - അതില്‍ പരിശുദ്ധ അമ്മയുടെ ചിത്രമുണ്ടായിരൂന്നൂ. അപ്പോള്‍ നായന്മാര് സാമൂതിരിയോട് അത് സ്വര്‍ണ്ണമാണ്, വാങ്ങിച്ചോളാന്‍ പറഞ്ഞു. സാമൂതിരി, ആ കാണുന്ന സ്വര്‍ണ്ണം തരുമോ എന്ന് ചോദിച്ചപ്പോള്‍ വാസ്കോഡാ ഗാമ പറഞ്ഞു, ഇത് സ്വര്‍ണ്ണമല്ല, സ്വര്‍ണ്ണം പൂശിയ പലകയാണെന്ന്, സ്വര്‍ണ്ണമാണെങ്കിലും തരില്ല, കാര്യം ഇത് അമ്മ മാതാവാണെന്ന്; കാര്യം ഇവളാണ് ഞങ്ങളെ കടലില്‍ വെച്ച് രക്ഷിച്ചത്. കടലിലെ യാത്രയില്‍ രക്ഷിച്ചവള്‍, അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നവള്‍. വേളാങ്കണ്ണിയും വല്ലാര്‍പാടവും, വിഴിഞ്ഞവും തുമ്പോളിയുമൊക്കെ പറയുന്ന കടല്ക്കര മാതാവിന്റെ ചരിത്രം- കപ്പലോട്ടക്കാരെ രക്ഷിച്ച മാതാവിന്റെ ചരിത്രമാണ്. യുദ്ധം ചെയ്ത മാതാവിന്റെ ചരിത്രമാണ്. കത്തോലിക്കാ വിശ്വാസം ലോകമെമ്പാടും പ്രചരിപ്പിച്ച മാതാവിന്റെ ചരിത്രമാണ്. ഇനി പോളണ്ടിന്റെ ചരിത്രമെടുക്കാം. പോളണ്ടിനെ ഞാന്‍ അമ്മക്ക് സമര്‍പ്പിക്കുന്നു എന്നല്ലേ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ പറഞ്ഞത്. പോളണ്ടിനെ അമ്മക്ക് സമര്‍പ്പിച്ചപ്പോള്‍, വെടിയേറ്റിട്ടു പോലും മാര്‍പാപ്പ മരിച്ചില്ല. മാര്‍പാപ്പയെ ,മറിയം താങ്ങിയെടുത്തു. ആ വെടിയുണ്ട കൊണ്ടുവന്ന് ഫാത്തിമ മാതാവിന്റെ കിരീടത്തില്‍ അലങ്കാരമായി വെച്ചു. ആ മാര്‍പാപ്പ തന്നെയാണ് ക്രോക്കോവില്‍ ചെന്നിട്ട് പോളണ്ടിനെ മാതാവിന് സമര്‍പ്പിച്ചത്. മാതാവിന് സമര്‍പ്പിച്ചപ്പോള്‍ എന്തു സംഭവിച്ചു? 45 ശതമാനം രാജ്യങ്ങള്‍ നിരീശ്വരവാദത്തില്‍, കമ്യൂണിസത്തില്‍ വിശ്വസിച്ചിരുന്ന ഒരൂ ലോകമായിരുന്നു മാര്‍പാപ്പയുടെ കാലത്ത്, 81-84 ഘട്ടത്തിലുണ്ടായിരുന്നത്. പിന്നീടു പോളണ്ട് ജനാധിപത്യത്തിലേക്ക് വന്നു.. പോളണ്ട് വന്നു. ചെക്കോസ്ലൊവാക്യ വന്നു, യുഗോസ്ലാവ്യ വന്നു, റുമേനിയ, അല്‍ബേനിയ അങ്ങനെ മധ്യപൂര്‍വ്വ ദേശങ്ങള്‍ മൊത്തം വന്നു.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക മാര്പാപ്പയെക്കൂറിച്ച്, യൂറോപ്പിനെ രക്തരഹിത വിപ്ലവത്തിലൂടെ ജനാധിപത്യത്തിലേക്ക് കൊണ്ടുവന്ന ചരിത്രനായകനെന്ന് എഴുതാന്‍ കാരണമെന്താണ്?ڔപോളണ്ടിനെ അമ്മക്ക് സമര്‍പ്പിച്ചതുകൊണ്ടാണ്. അമ്മ യുദ്ധവനിതയാണ്, സമാധാന വനിതയാണ്. നീതിയെ സംസ്ഥാപിക്കുന്ന സ്വര്ഗ്ഗരാജ്യത്തിന്വേണ്ടി, എവിടെയെല്ലാം ദൈവ രാജ്യം നഷ്ടപ്പെട്ടോ അവിടെയെല്ലാം ദൈവരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട അമ്മയാണ്. ആ അമ്മ ശരിക്കും ഒരൂ രൗദ്രവനിതയാണ്. അമ്മ, അപ്പായുടെ സാത്താനോടുള്ള പ്രതികാരത്തിന് വചനം മംസമായവളാണ്. ആ രൗദ്രഭാവമുള്ള സ്ത്രീയും സ്ത്രീ പ്രസവിച്ച സന്താനങ്ങളും ഉല്‍പ്പത്തി (ഉല്‍പ്പത്തി 3:15)മുതല്‍ വെളിപാടു (വെളിപാടു 12:17) വരെ നിറഞ്ഞുനില്‍ക്കുകയാണ്. സ്ത്രീ പ്രസവിച്ച സന്തതിയെ വിഴുങ്ങാന്‍ സര്‍പ്പം വായ് പൊളിച്ച് നില്ക്കുമ്പോള് അവള്‍ക്ക് മരൂഭൂമിയിലേക്ക് പറന്നുപോകാന്‍ വേണ്ടി വന്‍ കഴുകന്റെ രണ്ടു ചിറകുകള് കൊടുത്തു എന്ന് വെളിപാടിന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്(വെളി 12:14)ഈശോയുടെ ജ്ഞാനസ്നാനം കഴിഞ്ഞപ്പോള്‍, ആത്മാവ് ഈശോയെ മരൂഭൂമിയിലേക്ക് നയിച്ചു എന്നാണൂ ലൂക്കാ സുവിശേഷകന് രേഖപ്പെടുത്തിയിരിക്കുന്നത്(ലൂക്കാ 4:1 വായിക്കൂക) അപ്പോള്‍ സ്ത്രീ പ്രസവിച്ച സന്താനത്തെ വിഴുങ്ങാന്‍ സര്‍പ്പം വന്നപ്പോള്‍ ആ സര്‍പ്പം തന്നെയാണ് ഈശോയുടെ പ്രലോഭനങ്ങളിലും വരൂന്നത്.
ഈശോ എങ്ങനെയാണൂ മരൂഭൂമിയില്‍ പ്രലോഭനങ്ങളെ അതിജീവിച്ചത് അതുപോലെ എല്ലാവിധ മാനുഷിക പ്രകൃതത്തേയും അതിജീവിക്കുവാന്‍ പരിശുദ്ധാത്മാവ് ഈശോയെ മരൂഭൂമിയിലേക്ക് നയിച്ചത് പോലെ പരിശുദ്ധ അമ്മയേയും മരൂഭൂമിയിലേക്ക് നയിച്ചു- മരൂഭൂമി അനുഭവങ്ങളിലേക്ക് നയിച്ചു- പ്രാര്ത്ഥനാനുഭവങ്ങളിലേക്ക് നയിച്ചു എന്ന് പറയാന്‍ വേണ്ടി '2 ചിറകു കള്‍'(വെളിപാട് 12:14) കൊടുത്തു എന്ന് പറയുന്നു. വെളിപാടിന്റെ പുസ്തകത്തില്‍ പറയുന്ന രണ്ട് ചിറകുകള് പരിശുദ്ധാത്മാവിന്റെ ചിറകായിരിക്കും. കാര്യം, മരൂഭൂമിയിലേക്ക് ഈശോയെ നയിച്ചത് പരിശുദ്ധാത്മാവാണെന്ന് ലൂക്കാ രേഖപ്പെടുത്തുമ്പോള്‍(ലൂക്കാ;4:1) രണ്ടും തമ്മില്‍ തട്ടിച്ചുവായിക്കേണ്ടതാണ്. സ്ത്രീയും സ്ത്രീയുടെ സന്താനവും (ഉല്‍പ്പത്തി 3:15)എല്ലാം വായിച്ചുവരുമ്പോള്‍ സര്‍പ്പത്തിന്റെ തല തകര്‍ക്കാന്‍ വേണ്ടി പരിശുദ്ധ അമ്മക്ക് ശക്തി കൊടുത്തത് ആരാണ്? അത്യുന്നതന്റെ ശക്തിയായ പരിശുദ്ധാത്മാവാണ്(ലൂക്കാ 1:15) ആ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട്, സ്വര്‍ഗ്ഗീയ ശക്തി സ്വീകരിച്ചു കൊണ്ട് - സാത്താനെ എതിര്ക്കാനൂള്ള ശക്തി. പരിശുദ്ധ അമ്മയേക്കുറിച്ച് ചിന്തിക്കുമ്പോള്‍ എഫേസോസ് 6:14 അനൂസരിച്ച്, സത്യം കൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച്, സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരൂക്കമാകുന്ന പാദരക്ഷകള്‍ ധരിച്ച്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞ്, വിശ്വാസത്തിന്റെ പരിച അണിഞ്ഞ് ദൈവവചനമാകുന്ന ആത്മാവിന്റെ വാള് പിടിച്ച് സര്‍പ്പത്തിനോട് എതിര്‍ത്തു നില്‍ക്കുന്നത് പരിശുദ്ധ അമ്മയാണ്. പരിശുദ്ധ അമ്മയെ കാണുമ്പോള്‍ രൗദ്രഭാവത്തിന്റെ - ദൈവരാജ്യത്തിന്റെ മുന്നണി പോരാളിയായി നിന്നുകൊണ്ട് സാത്താനെ എതിര്ക്കൂന്നതിന്വേണ്ടിയുള്ള ആത്മീയ ആയുദ്ധധാരിയായി (എഫേസോസ് 6:11,12) അടരാട്ടക്കാരിയായ മറിയം- അതാണ് അമ്മയുടെ ആത്മീയ ശക്തിക്കും മദ്ധ്യസ്ഥതക്കും വേണ്ടി അണയുമ്പോള്‍ മനുഷ്യര്‍ മനസിലാക്കേണ്ടത്. ചില കത്തോലിക്കനൊക്കെ എന്തുകൊണ്ടാണ് ഈ ആഭിചാരത്തിനൊക്കെ പോകുന്നത്? സാത്താന്റെ തല തകര്‍ത്ത അമ്മയുടെ ശക്തിയെ നമ്മള് വേണ്ടത്ര ഹൈലൈറ്റ് ചെയ്യാത്തതു കൊണ്ട് അല്ലേ? ഏത് സാത്താനെതിരെയും പോരാടുന്നതിന് വേണ്ടി, ഏതു ശത്രുതക്കെതിരെയും പോരാടുന്നതിന്വേണ്ടി ഏത് ആഭിചാരത്തിനെതിരെയും പോരാടുന്നതിന്വേണ്ടി എല്ലാ ശത്രുതയുടേയും തല തകര്‍ക്കാന്‍ വേണ്ടി ദൈവം നിശ്ചയിച്ച് നല്കിയ പരിശുദ്ധ അമ്മയെ ആണ് ഈശോ നമുക്ക് നല്‍കിയത്. ഇതാ നിന്റെ അമ്മ(യോഹ. 19:27) എന്ന് പറഞ്ഞ് കൊണ്ടുപോയി ജീവിക്കാന്‍ ലോകത്തിലെ എല്ലാ തിന്മകളേയും പൈശാചിക സ്വാധീനങ്ങളെയും പ്രതിരോധിക്കാന്‍ നിനക്ക് ഇവളെ മതിയാകും എന്ന് പറഞ്ഞ് സഭക്ക് ഏല്‍പ്പിച്ച് തന്ന അമ്മ- അമ്മയുടെ എല്ലാ രൗദ്രഭാവങ്ങളോടും കൂടി, അപ്പായുടെ, സാത്താനെതിരെയുള്ള പ്രതികാര ശക്തി നടപ്പില്‍ വരുത്തുന്നതിനു വേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് ആ മദ്ധ്യസ്ഥശക്തിയുടെ സംരക്ഷണം അനൂഭവിക്കാന് നമുക്ക് കഴിയട്ടെ.